ന്യൂഡൽഹി : ഒരു സമ്മേളന കാലയളവിനപ്പുറത്തേക്ക് എംഎൽഎമാരെ സസ്പെൻഡ് ചെയ്യുന്നതു ഭരണഘടനാവിരുദ്ധവും നിയമസഭയുടെ അധികാര പരിധിക്കു പുറത്തുള്ളതുമാണെന്നു സുപ്രീം കോടതി വിധിച്ചു. ഒരു വർഷത്തേക്ക് എംഎൽഎമാരെ സസ്പെൻഡ് ചെയ്യുന്നത് അവരെ പുറത്താക്കുന്നതിനെക്കാൾ മോശമാണെന്നു നിരീക്ഷിച്ച കോടതി, 12 ബിജെപി എംഎൽഎമാരെ അങ്ങനെ സസ്പെൻഡ് ചെയ്യാൻ മഹാരാഷ്ട്ര നിയമസഭ പാസാക്കിയ പ്രമേയം റദ്ദാക്കി. ദീർഘകാലത്തേക്ക് എംഎൽഎമാരെ പുറത്തു നിർത്തുമ്പോൾ മണ്ഡലങ്ങൾക്കു പ്രതിനിധിയില്ലാതെ വരുമെന്നും കോടതി നിരീക്ഷിച്ചു. പുറത്താക്കിയ സമ്മേളനകാലം ഒഴിച്ചുള്ള സമയത്തെ മുഴുവൻ ആനുകൂല്യവും നൽകാനും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനത്തിനിടെയാണ്, അപമര്യാദയായി പെരുമാറിയതിന് 12 എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തെ സസ്പെൻഷൻ കാലത്തു നിയമസഭാ മന്ദിരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിരുന്നു. തുടർന്ന് മുൻ മന്ത്രി ആശിഷ് ഷേലാർ ഉൾപ്പെടെ സസ്പെൻഷനിലായ 12 എംഎൽഎമാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുള്ള മഹാ വികാസ് അഘാഡി സർക്കാരിനു തിരിച്ചടിയാണ് കോടതി വിധി.