പാലക്കാട്: സ്വർണക്കടത്തിലും അതുമായി ബന്ധപ്പെട്ട കേസുകളിലും താൻ ക്ലീൻ ചിറ്റ് നൽകിയെന്ന കെ ടി ജലീലിന്റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ്. താൻ നൽകിയ സത്യവാങ്മൂലം ആവർത്തിച്ച് വായിച്ചാൽ കെ ടി ജലീലിന് ഇക്കാര്യം മനസിലാകും. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമം. ജലീൽ മാത്രമല്ല പ്രോട്ടോക്കോൾ ലംഘിച്ചതെന്നും സ്വപ്ന പറഞ്ഞു.
ഗൾഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ പത്രസ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്താനായിരുന്നു ജലീലിന്റെ ശ്രമം. ജലീൽ എന്തും ചെയ്യാൻ കഴിയുന്നയാളായിരുന്നു. ഫിലോസഫിയിൽ ഡോക്ടറേറ്റ് എടുത്ത ജലീലിന് എത്രത്തോളം ഇംഗ്ലീഷ് അറിയാമെന്ന് ഇന്നലെ മനസിലായി. താൻ സത്യവാങ്മൂലത്തിൽ പറഞ്ഞത് ഒന്നോ രണ്ടോ മൂന്നോ തവണ ആവർത്തിച്ച് വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ ജലീൽ ശ്രമിക്കണം.
പ്രോട്ടോക്കോൾ ലംഘനം നടത്തിയത് കെടി ജലീൽ മാത്രമല്ല. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും മന്ത്രിമാരായിരുന്ന കെടി ജലീലും കടകംപള്ളി സുരേന്ദ്രനും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. കെടി ജലീൽ യുഎഇ കോൺസുൽ ജനറലുമായി നിരവധി തവണ അടച്ചിട്ട മുറിയിൽ സംസാരിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
മന്ത്രിയെ പ്രോട്ടോക്കോൾ പഠിപ്പിക്കേണ്ട ചുമതല തനിക്കാണെന്ന് അറിഞ്ഞിരുന്നില്ല. പ്രോട്ടോകോൾ ലംഘനം എല്ലാവരും നടത്തിയതാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ തെളിവുകൾ ശേഖരിക്കുകയാണ്. തന്റെ ഫോണിൽ ഉണ്ടായിരുന്ന വിവരം എൻഫോഴ്സ്മെന്റ് അടക്കമുള്ള ഏജൻസികൾ നശിപ്പിച്ചു. ഇവയിൽ പലതും ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
കെ ടി ജലീൽ തന്നോട് ചാറ്റ് ചെയ്തത് സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ്. അല്ലാതെ യുഎഇ കോൺസുലേറ്റ് ജനറലിന്റെ പിഎ ആയിരിക്കുമ്പോഴല്ല. കെ ടി ജലീൽ താനുമായുള്ള വ്യക്തിപരമായ ബന്ധം മുതലാക്കുകയായിരുന്നു. ഒരുപാട് ചോദ്യങ്ങൾക്ക് കെടി ജലീൽ ഉത്തരം നൽകേണ്ടി വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.