തിരുവനന്തപുരം : ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ തത്ക്കാലം ഹാജരാകില്ലെന്ന് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായി മൊഴി നൽകേണ്ടതുണ്ടെന്നും അതിനാൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാകില്ലെന്നും സ്വപ്ന വ്യക്തമാക്കി. ഗൂഡാലോചന കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ ആശങ്കയില്ല. സരിതാ നായരെ ജയിലിൽ വച്ച് ഒരു തവണ കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന, സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകളെടുക്കുന്നതെന്നും കുറ്റപ്പെടുത്തി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന സുരേഷിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡിയും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു. രണ്ട് അന്വേഷണ ഏജൻസികളും ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസും നൽകി. തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകാൻ സ്വപ്ന തീരുമാനിച്ചത്.
അതേ സമയം, മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും സ്വപ്‍ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സ്വപ്‍ന ഹർജിയിൽ പറയുന്നു.