കൊച്ചി: സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറി. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്. കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനായാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കേസിൽ ഇ ഡി സ്വപ്നയെ തുടർച്ചയായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് കൊച്ചിയിലേക്കാണ്. നിയമസഹായം നൽകുന്ന അഭിഭാഷകരും കൊച്ചിയിലാണ്. പാലക്കാട് നിന്ന് തുടർച്ചയായി യാത്ര ചെയ്യുന്നതിന് ആരോഗ്യപ്രശ്നങ്ങൾ തടസ്സമാകുന്നതും സ്വപ്നയുടെ കൊച്ചിയിലേക്കുള്ള മാറ്റത്തിന് പിന്നിലുണ്ട്.
അതേസമയം ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐ ആർ റദ്ദാക്കണമെന്നായിരുന്നു സ്വപ്‍നയുടെ ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി. അന്വേഷണ സംഘം പിന്നീട് കൂടുതൽ വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്‍ന കോടതിയെ അറിയിച്ചു. എന്നാൽ ഇതിന് പൊലീസിന് അധികാരമുണ്ടെന്നും ഈ അധികാരത്തെ തടയാൻ കഴിയില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാൻ വ്യക്തമാക്കുകയായിരുന്നു.