കൊച്ചി : തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാൻ സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു.
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്. ഇത് മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്.