കൊച്ചി: സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസ്. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി.ആർ. അനൂപിന്റെ പരാതിയിലാണ് നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർചെയത് മതപരമായി അധിക്ഷേപിക്കുന്ന തരത്തിൽ കൃഷ്ണരാജ് കുറിപ്പ് എഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നൽകുകയായിരുന്നു. ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്. ‘KSRTC ബസിൽ കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് സർവിസ് നടത്തുന്നു’ എന്ന വിദ്വേഷ പ്രസ്താവനക്ക് എതിരെയാണ് കേസ്.അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പ്രവാചക നിന്ദ പ്രസ്താവന നടത്തിയതിന് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നൽകിയിട്ടുണ്ട്.