സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം താന്‍ വിവാഹിതയായ വിവരം ബോളിവുഡ് നടി സ്വര ഭാസ്കര്‍ ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സമാജ്‍വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് വരന്‍. ആഡംബരങ്ങളൊക്കെ ഒഴിവാക്കി നടത്തിയ വിവാഹത്തിന് ഏറ്റവും അടുപ്പമുള്ള ചിലര്‍ക്ക് മാത്രമായിരുന്നു ക്ഷണം. ഇരുവരും പങ്കുവച്ച വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹിതരായതിന് വിമര്‍ശനവുമായെത്തിയ ഒരു മത പുരോഹിതന് ഒരു ആര്‍ജെ നല്‍കിയ മറുപടിയും ട്വിറ്ററില്‍ ചര്‍ച്ചയാവുകയാണ്.
ഡോ. യാസിര്‍ നദീം അല്‍ വാജിദി എന്ന ഇസ്ലാമിക പുരോഹിതനാണ് ഈ വിവാഹത്തില്‍ വിമര്‍ശനമുന്നയിച്ച് ട്വിറ്ററിലൂടെ എത്തിയത്. സ്വര ഭാസ്കര്‍ മുസ്ലിം അല്ലാത്തപക്ഷം, അവരുടെ ഭര്‍ത്താവെന്ന് കരുതപ്പെടുന്നയാള്‍ മുസ്ലിം ആയിരിക്കുന്നപക്ഷം ഈ വിവാഹത്തിന് ഇസ്ലാമികമായി സാധുതയില്ല. ബഹുദൈവ വിശ്വാസികളായ സ്ത്രീകളെ, അവര്‍ വിശ്വാസികളാകുംവരെ വിവാഹം ചെയ്യരുതെന്ന് അല്ലാഹു പറയുന്നു. ഇനി വിവാഹത്തിനു വേണ്ടി മാത്രമായി അവള്‍ ഇസ്ലാമിനെ സ്വീകരിച്ചാലും അത് അല്ലാഹുവിനാല്‍ സ്വീകരിക്കപ്പെടില്ല, എന്നായിരുന്നു ഡോ. യാസിറിന്‍റെ ട്വീറ്റ്. ഇതിന് ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള സയേമ എന്ന ആര്‍ജെ നടത്തിയ പ്രതികരണമാണ് വൈറല്‍ ആയത്.
യാസിര്‍ നദീമിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് കടന്നുപോകൂ എന്നായിരുന്നു സയേമയുടെ ആദ്യ പ്രതികരണം. ഇതിനോട് പ്രതികരിച്ച് യാസിര്‍ നദീം വീണ്ടും എത്തി. പുരോഗമന രോഗം പിടിപെട്ട ഒരാള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഖുറാനോട് കടന്നുപോകാനാണ് അവര്‍ പറയുന്നത്. എങ്കിലും സ്വന്തം പേരിനാല്‍ ഇസ്ലാമിനോട് അവര്‍ ബന്ധപ്പെട്ടിരിക്കുന്നു, എന്നായിരുന്നു യാസിറിന്‍റെ പ്രതികരണം. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് സയേമ കുറിച്ചത് ഇങ്ങനെ- ആരാണ് നിങ്ങള്‍? മറ്റുള്ളവരെ വിലയിരുത്താനായി അല്ലാഹു ചുമതലപ്പെടിത്തിയതാണോ? ഞങ്ങള്‍ അല്ലാഹുവിനോട് മാത്രമാണ് ഇത്തരം പറയേണ്ടത്. ആരെങ്കിലും അഭിപ്രായം ചോദിക്കുന്നതുവരെ നിങ്ങളുടെ അഭിപ്രായം കൈയില്‍ തന്നെ സൂക്ഷിച്ചാല്‍ മതി. ഒരു നല്ല മുസ്ലിം ആവുക, സയേമ കുറിച്ചു. സയേമയുടെ അഭിപ്രായപ്രകടനത്തിന് പിന്തുണയുമായി നിരവധി പേരാണ് ട്വിറ്ററില്‍ എത്തിയത്.
അതേസമയം സ്പെഷല്‍ മാര്യേജി ആക്റ്റ് പ്രകാരം ജനുവരി 6 ന് ആണ് സ്വര ഭാസ്കറും ഫഹദ് അഹമ്മദും കോടതിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള പരിചയത്തിന് തുടക്കമാവുന്നത്. ആദ്യ കാഴ്ചയും പരിചയപ്പെടലും മുതല്‍ വിവാഹം വരെയുള്ള പ്രധാന നിമിഷങ്ങള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ സ്വര സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിരുന്നു.