നാഗർകോവിൽ: ‘കള്ളക്കടൽ പ്രതിഭാസം’ കാരണം ഉണ്ടായ കടൽക്ഷോഭത്തിൽ കന്യാകുമാരിയിൽ മൂന്ന് സംഭവങ്ങളിലായി ജീവൻ നഷ്ടമായത് എട്ടുപേർക്ക്. കന്യാകുമാരി ജില്ലയിലെ ലെമൂർ (ഗണപതിപുരം) ബീച്ചിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളും തേങ്ങാപട്ടിണത്ത് ഏഴുവയസ്സുകാരിയും കോടിമുനയിൽ ചെന്നൈയിൽനിന്നെത്തിയ രണ്ടുപേരുമാണ് മരിച്ചത്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കടൽക്ഷോഭ മുന്നറിയിപ്പ് നൽകിയതിനാൽ ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നതായി കന്യാകുമാരി പൊലീസ് പറഞ്ഞു. ഇതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
തേങ്ങാപട്ടിണത്ത് വിഴുന്തയമ്പലം സ്വദേശി പ്രേമദാസിന്റെ മകൾ ആതിഷ(7)യാണ് മരിച്ചത്. ഞായറാഴ്ച പ്രേമദാസും ആതിഷയും തിരമാലയിൽപ്പെട്ട് കടൽതീരത്ത് നിൽക്കുമ്പോൾ തിരയിൽപെട്ട് കാണാതാവുകയായിരുന്നനു. ഉടനെ നാട്ടുകാർ പ്രേമദാസിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മകളെ രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെടുത്തു.
ചെന്നൈ ചൂളമേട്, വില്ലിവാക്കം എന്നിവിടങ്ങളിൽ നിന്നും വന്ന 20 അംഗ സംഘത്തിൽപ്പെട്ട രണ്ടുപേരാണ് കുളച്ചൽ കോടിമുനയിൽ കടലിൽ മുങ്ങിമരിച്ചത്. മനോജ് കുമാർ (25)വെജീസ്(54) എന്നിവരാണ് മരിച്ചത്. ദേവാലയത്തിൽ ശനിയാഴ്ച താമസിച്ച സംഘത്തിൽപ്പെട്ട ആറുപേർ ഞായറാഴ്ച സമീപത്തെ പുലിമുട്ടിലും പാറയിലും നിന്ന് കടൽ കാഴ്ച കാണുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നു. ഇതിൽ നാലുപേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. രണ്ട് മൃതദേഹങ്ങളും ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ലെമൂർ (ഗണപതിപുരം) ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങിമരിച്ചതും കള്ളക്കടൽ പ്രതിഭാസം മൂലമുണ്ടായ കൂറ്റൻ തിരയിൽപെട്ടെന്ന് പൊലീസ് പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ എസ്.ആർ.എം മെഡിക്കൽ കോളജിലെ വിദ്യാർഥികളായ തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ.
കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.