കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാനുളള ആഗ്രഹം പരോക്ഷമായി പറഞ്ഞ് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഡൊമനിക് പ്രസന്റേഷൻ. സഹതാപ തരംഗം കൊണ്ട് മാത്രം തൃക്കാക്കരയിൽ ജയിക്കാനാകില്ലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. സമവായങ്ങൾ നോക്കി മാത്രം സ്ഥാനാർത്ഥിയെ നിർത്തണം. പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷം തൃക്കാക്കരയിൽ യു ഡി എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മാത്രം ജയിക്കാം- ഡൊമിനിക് പറയുന്നു.
കെ.വി തോമസിനെ ഒപ്പം നിർത്താൻ നേതൃത്വം ശ്രമിക്കണം. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. ഉമ തോമസ് സ്ഥാനാർത്ഥിയാകുമോ എന്നതിൽ പ്രതികരിക്കാനില്ല. സ്ഥാനാർഥി ആരാകുമെന്നതിൽ തീരുമാനം പാർട്ടിയുടേതാണെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.