കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നൂറിലധികം രാജ്യങ്ങളിലേക്ക് വളരെ വേഗം പടരുകയും യുകെ, യുഎസ് പോലുള്ള ചില രാജ്യങ്ങളിലെ പ്രബല വകഭേദമാവുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ആഗോള തലത്തിലെ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനമാണ് വര്‍ധിച്ചത്. പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. മിതമായ തോതിലുള്ള അണുബാധ മാത്രമേ ഇതു വരെയും ഒമിക്രോണുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നത് അല്‍പം ആശ്വാസം പകരുന്നുണ്ട്. യുകെയിലും അമേരിക്കയിലുമൊക്കെ മരണം സംഭവിച്ച കേസുകള്‍ ചുരുക്കമാണ്. എന്നിരുന്നാലും ഒമിക്രോൺ രോഗലക്ഷണങ്ങളെ കരുതിയിരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ പറയുന്നു. കോവിഡ് ലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള യുകെയിലെ സോയ് കോവിഡ് സ്റ്റഡി ആപ്പില്‍ രേഖപ്പെടുത്തപ്പെട്ട ഒമിക്രോണിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.
• ചെറിയ പനി
• തൊണ്ട വേദന
• മൂക്കൊലിപ്പ്
• തുമ്മല്‍
• അത്യധികമായ ശരീരവേദന
• ക്ഷീണം
• രാത്രിയില്‍ അമിതമായി വിയര്‍ക്കല്‍
ഇതിനു പുറമേ മനംമറിച്ചില്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും ചില രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തൊലിപ്പുറത്ത് വരുന്ന ചില മാറ്റങ്ങളും ഒമിക്രോണിനെ കുറിച്ചുള്ള സൂചന നല്‍കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ്19 ബാധിച്ചവരില്‍ തുടക്കം കാലം മുതല്‍ തൊലിപ്പുറത്തെ തിണര്‍പ്പും ഒരു പ്രധാന രോഗലക്ഷണമായിരുന്നു. ചര്‍മ്മത്തിലെ തിണര്‍പ്പിന്‍റെ ആവര്‍ത്തനം അനുസരിച്ച് ഇവയെ കോവിഡിന്‍റെ നാലാമത് സുപ്രധാന ലക്ഷണമായി കണക്കാക്കാമെന്ന് സോയ് ആപ്പ് ചൂണ്ടിക്കാണിക്കുന്നു.
തേനീച്ചക്കൂടിന്‍റെ രൂപത്തിലുള്ള തിണര്‍പ്പുകളും ചൂടുകുരുവിന്‍റെ മാതിരിയുള്ള തിണര്‍പ്പുകളുമാണ് കോവിഡിനോട് അനുബന്ധിച്ച് പലരിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യത്തേത് വേഗത്തില്‍ വന്നു പോകുമെങ്കില്‍ രണ്ടാമത്തെ തരം തിണര്‍പ്പുകള്‍ ശരീരത്തില്‍ എവിടെയും പ്രത്യക്ഷപ്പെട്ട് ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും. ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ കോവിഡ് പരിശോധന നടത്തുകയും ക്വാറന്‍റീനില്‍ ഇരിക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.