കൊവിഡ് 19 രോഗവുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഇതിനിടെ വാക്സിൻ അല്‍പം ആശ്വാസം പകര്‍ന്നെങ്കിലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ തന്നെയാണ് സൃഷ്ടിച്ചത്.
ഏറ്റവും ഒടുവിലായി ഒമിക്രോണ്‍ വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ് കാര്യമായും കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. ഓരോ വൈറസ് വകഭേദവും വരുന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളും രോഗതീവ്രതയുമെല്ലാം മാറിമാറിവരുമെന്നാണ് കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പങ്കുവയ്ക്കുന്ന, യുകെയിലെ ‘സൂ കൊവിഡ് സ്റ്റഡി ആപ്പി’ല്‍ നിന്നുള്ള ഗവേഷകര്‍ അറിയിക്കുന്നത്.
അറുപതിനായിരത്തിലധികം രോഗികളുടെ കേസ് വിശദാംശങ്ങള്‍ ഉപയോഗിച്ച് രണ്ട് വര്‍ഷമെടുത്ത് നടത്തിയ പഠനത്തിനൊടുവിലാണ് ഇവര്‍ ഇക്കാര്യം അറിയിക്കുന്നത്. ഇനിയും പുതിയ വൈറസ് വകഭേദങ്ങള്‍ വരുന്നതിന് അനുസരിച്ച് ലക്ഷണങ്ങളും തീവ്രതയുമെല്ലാം മാറുമെന്നും ഇവര്‍ അറിയിക്കുന്നു.
ഇന്ത്യയില്‍ ശക്തമായ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായി വന്ന ഡെല്‍റ്റ വകഭേദവും പിന്നീട് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണും തമ്മിലുള്ള വ്യത്യാസങ്ങളാണ് ഗവേഷകര്‍ കാര്യമായും പരിശോധിച്ചത്. ഡെല്‍റ്റയില്‍ പനി, തലവേദന തുടങ്ങിയ പൊതു ലക്ഷണങ്ങള്‍ക്കൊപ്പം ശ്വാസതടസം, നെഞ്ചപവേദന, ബ്ലഡ് ഓക്സിജൻ നില താഴുന്ന അവസ്ഥ തുടങ്ങി തീവ്രമായ ലക്ഷണങ്ങളായിരുന്നു കാണിച്ചിരുന്നതെന്നും ഡെല്‍റ്റയില്‍ മരണനിരക്ക് വളരെ കൂടുതലായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഡെല്‍റ്റയെ അപേക്ഷിച്ച് രോഗതീവ്രതയും രോഗലക്ഷണങ്ങളുമെല്ലാം ഒമിക്രോണില്‍ ലഘൂകരിക്കപ്പെട്ടതായും പഠനം ഓര്‍മ്മിപ്പിക്കുന്നു. ശ്വാസകോശത്തിനെ തന്നെ കാര്യമായ രീതിയില്‍ ഒമിക്രോണ്‍ ബാധിക്കുന്നില്ല. പനി, തൊണ്ടവേദന, ജലദോഷം , തലവേദന പോലുള്ള പൊതുവായ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് ഒമിക്രോണില്‍ കണ്ടുവരുന്നത്.
ഇനി, ഒമിക്രോണിന്‍റെ ഉപവകഭേദങ്ങളിലും ലക്ഷണങ്ങളില്‍ നേരിയ വ്യതിയാനങ്ങളുണ്ട്. അതായത്, ഭാവിയില്‍ ഇനിയും വൈറസ് വകഭേദങ്ങള്‍ വന്നാലും ഈ വ്യത്യാസങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കേണ്ടതുണ്ടെന്ന് സാരം. അതുപോലെ തന്നെ കൊവിഡിന് ശേഷം കാണുന്ന ‘ലോംഗ് കൊവിഡ്’അഥവാ കൊവിഡ് അനുബന്ധ പ്രശ്നങ്ങളിലും വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് വ്യത്യാസങ്ങള്‍ വരാമെന്നും പഠനം പറയുന്നു.