ദില്ലി: ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയൻ എംബസി. ഇന്ത്യൻ പൗരന്മാരിൽനിന്ന് സഹായം തേടുകയും സംഭാവന സ്വീകരിക്കാൻ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. എന്നാൽ സംഭാവന സ്വീകരിക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഇതിനുള്ള അനുമതി ലഭിക്കാൻ സമയം വേണം. ഒപ്പം സിറിയയിലേക്ക് സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കണമെന്നും സിറിയൻ അംബാസിഡർ ഡോ ബാസിം അൽ ഖാത്തിം പറഞ്ഞു. പ്രതിസന്ധി കാലത്ത് രാഷ്ട്രീയം കളിക്കുന്ന രാജ്യങ്ങൾ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സിറിയയിലേയും തുർക്കിയിലേയും ദുരിത ബാധിത മേഖലയിൽ ഭക്ഷണ വിതരണത്തിനായി ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതി. 9 ലക്ഷം പേർ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായാണ് കണക്ക്. അതിനിടെ ഭൂ ചലനത്തിൽ എല്ലാം നഷ്ടമായ സാധാരണക്കാരെ സഹായിക്കാൻ കായിക സംഘടനകള്‍ ഉള്‍പ്പെടെ കൂടുതൽ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഒരു മില്യൺ ഡോളറും യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ ആദ്യഘട്ടമായി രണ്ട് ലക്ഷം യൂറോയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒരു മില്യൺ പൗണ്ടും നൽകുമെന്ന് വിശദമാക്കിയിട്ടുണ്ട്.