മലയാളികൾക്ക് ഏറെ സുപരിചിതയാണ് സ്വാസിക. മിനിസ്ക്രീനിലൂടെ വെള്ളിത്തിരയിൽ എത്തി വളരെ ബോൾഡും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ സ്വാസിക സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കിയിരുന്നു. തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായി മറുപടി കൊടുക്കുന്ന സ്വാസിക, വിവിധ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം തുറന്നുപറയാൻ മടി കാണിക്കാത്ത ആള് കൂടിയാണ്. മുൻപ് ഭർത്താവ് കുറച്ച് ഡോമിനേറ്റിംഗ്(ആധിപത്യം) ആയിരിക്കണമെന്ന് സ്വാസിക പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഭർത്താവ് സ്വാതന്ത്ര്യം നിഷേധിച്ചാലും തനിക്ക് വിഷമില്ലെന്നും സ്വാസിക പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വിവേകാനന്ദൻ വൈറലാണ് എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സ്വാസികയുടെ പ്രതികരണം.
‘വിവാഹം എന്തായാലും കഴിക്കണമല്ലോ. എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര നിർബന്ധമാണ്. എന്റെ കൂടെ ഒരാൾ വേണമെന്നത് ഭയങ്കര ഇഷ്ടമാണ്. ഒരിക്കലും വിവാഹത്തെ എതിർക്കുന്ന, പേടിക്കുന്ന ആളല്ല ഞാൻ. സുഹൃത്തുക്കൾക്ക് പേടിയാണ് എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല. എത്രയും വേഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം. അതിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. പെണ്ണ് കാണലൊന്നും ഇല്ല. അറേഞ്ച്ഡ് മാരേജും അല്ല. ലവ് മാരേജ് ആയിരിക്കും. ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചപോലെ ട്രെഡിഷണൽ ആയിരിക്കണമെന്നാണ് ആഗ്രഹം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രിയിൽ ആയിരിക്കും വിവാഹം കഴിക്കുക. ചെക്കൻ അക്കരെയായിരിക്കും. അവർ പുഴകടന്ന് ചെല്ലുന്നു, ആ നേരം അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരിക്കുന്നു. ഇപ്പോൾ ആ വിവാഹ രീതിയില്ല. എനിക്കും അതാണ് ആഗ്രഹം. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. തോണി തുഴഞ്ഞങ്ങനെ. ഇതൊന്നും നടക്കുമോന്ന അറിയില്ല’, എന്നാണ് സ്വാസിക പറയുന്നത്.
നേരത്തെ വിവാഹ സങ്കർപ്പത്തെ കുറിച്ച് സ്വാസിക പറഞ്ഞത് ഇങ്ങനെ, ‘എനിക്ക് ഭർത്താവിന്റെ കാല് തൊട്ട് തൊഴുക, അയാൾ വരുന്നത് വരെ കാത്തിരിക്കുക, ഭക്ഷണം കൊടുക്കുക, വാരിക്കൊടുക്കുക,മസാജ് ചെയ്ത് കൊടുക്കുക ഇതൊക്കെ തന്നെയാണ് ഇഷ്ടം. ചിലവർക്ക് ഡോമിനേറ്റ് ചെയ്യുന്നവരെ ഇഷ്ടമല്ലായിരിക്കും, അതൊക്കെ ഓരോരുത്തരുടേയും താത്പര്യമല്ലേ’.