നടി സാമന്തക്കെതിരെ രൂക്ഷ വിമർശനവുമായ പ്രമുഖ തെലുങ്ക് നിർമാതാവ് ചിട്ടിബാബു. ശാകുന്തളത്തോടെ നടിയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണെന്നും നിർമാതാവ് പറഞ്ഞു. ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തിയ ശാകുന്തളം പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് നടിക്കെതിരെയുളള വിമർശനം.
‘ശാകുന്തളത്തോടെ സാമന്തയുടെ സിനിമാ ജീവിതം തീർന്നു. വിവാഹമോചനത്തിന് ശേഷം ഉപജീവനമാർഗമായിട്ടാണ് പുഷ്പയിലെ ഐറ്റം ഗാനം ചെയ്തത്. താരപദവി നഷ്ടപ്പെട്ടതോടെ, ഇപ്പോൾ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യുകയാണ്. സാമന്തയുടെ താരപദവി നഷ്ടപ്പെട്ടു, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. കിട്ടുന്ന കഥാപാത്രങ്ങൾ ചെയ്ത് ഇനിയുള്ള കാലം മുന്നോട്ട് പോകാം- നിർമാതാവ് അഭിമുഖത്തിൽ പറഞ്ഞു.
സിനിമ പ്രെമോഷനുകളിൽ വളരെ വിലകുറഞ്ഞ തന്ത്രമാണ് സാമന്ത പയറ്റുന്നത്. യശോദ സിനിമയുടെ സമയത്ത് കരഞ്ഞ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ ശ്രമിച്ചു. ഇതുതന്നെയാണ് ശാകുന്തളത്തിലും ചെയ്തത്. കരഞ്ഞ് സഹതാപം നേടിയെടുക്കാൻ ശ്രമിച്ചു. എന്നാൽ അത് എപ്പോഴും സാധ്യമാകില്ല. നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്താൽ പ്രേക്ഷകർ കാണും. ഇപ്പോൾ ചെയ്യുന്നത് വില കുറഞ്ഞതും ബുദ്ധിഭ്രമമുള്ള പ്രവൃത്തികളാണ്. – ചിട്ടിബാബു ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.