അടൂർ > ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റും അഡ്വൈസറുമായിരുന്ന അഡ്വ. ടി കെ തങ്കച്ചൻ (73) അന്തരിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റും അടൂർ ബാർ അസോസിയേഷനിലെ അഭിഭാഷകനുമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾക്കായി ചികിത്സയിലിരിക്കെ പരുമല സെന്റ്. ഗ്രിഗോറിയസ് ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം ശനിയാഴ്‌ച പകൽ രണ്ടിന് ഉളനാട് സെന്റ്. ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കും.
മുംബൈയിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ച തങ്കച്ചൻ പിന്നീട് തിരുവനന്തപുരം തന്റെ പ്രവർത്തന മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്റെ സെക്രട്ടറി, പ്രസിഡന്റ്, ഭാരവാഹി എന്നിങ്ങനെ വിവിധ തലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പെൻഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ എന്ന നിലയിൽ നിസ്‌തുലമായ പ്രവർത്തനം കാഴ്ച്ചവച്ചിട്ടുണ്ട്.
അശാസ്ത്രീയമായ കമ്പ്യൂട്ടർവൽക്കരണത്തിന് എതിരെ ബാങ്കിംഗ് മേഖലയിൽ നടന്ന സമര പോരാട്ടങ്ങളിൽ മുൻ നിരയിൽ ഉണ്ടായിരുന്നു. വ്യവസായ തർക്ക നിയമത്തെ സംബന്ധിച്ച് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ജീവനക്കാർക്ക് വേണ്ടി നിരവധി തവണ ലേബർ കോടതികളിൽ പോരാടിയിട്ടുണ്ട്.
ഭാര്യ: എൽസി തങ്കച്ചൻ. മക്കൾ: റോസ് മേരി, ലീന സൂസൻ, ദീപ്‌തി അന്ന. മരുമക്കൾ: വർഗീസ് കെ ജോർജ്ജ്, സതീഷ് വി ഡാനിയേൽ, ഡോ. രവീഷ് മാത്യു.