ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നടൻ ഷെയ്ൻ നിഗം.കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടന്റെ വാക്കുകൾ. വീഴ്ചകളിൽ നിന്ന് തെറ്റ് മനസിലാക്കി അതിനുളള പരിഹാരങ്ങൾ കണ്ടെത്തണമെന്നും ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ചില മാർഗനിർദേശങ്ങൾ പാലിച്ചാൽ നന്നായിരിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.’വീഴ്ചകളിൽ നിന്ന് നമ്മൾ തെറ്റുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും, ചില നിർദ്ദശങ്ങളാണ് ചുവടെ…
1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.
2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.
3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം.
4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ , നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക.
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ’- എന്നായിരുന്നു ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചത്.
കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് നടൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയതെന്നും ഈ സാഹചര്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്‍റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ -എന്നായിരുന്നു കുറിപ്പ്.
ഞായറാഴ്ച 9.40ഓടെയാണ് കളമശേരി കൺവൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം.