കോഴിക്കോട് : സ്വാതന്ത്ര്യസമര ചരിത്രപാരമ്പര്യമുള്ള പത്രങ്ങൾപോലും വർഗീയതക്കും കോർപറേറ്റ് മുതലാളിത്തത്തിനും മുന്നിൽ മുട്ടുമടക്കുമ്പോൾബദൽരാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നത് ദേശാഭിമാനി മാത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കാനും വർഗീയ ആധിപത്യം ശക്തമാക്കാനും കേന്ദ്രസർക്കാർശ്രമിക്കുകയാണ്. ഇതിനെതിരെയുള്ള പ്രചാരണം ജനങ്ങൾക്ക് സ്വീകാര്യമായ നിലയിൽ വർഗപരമായ പക്ഷപാതിത്വത്തോടെ സംഘടിപ്പിക്കുകയാണ് ദേശാഭിമാനി ചെയ്യുന്നത്.
ദേശാഭിമാനിയുടെ 80ാം വാർഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യൻ ജനതക്ക് മുന്നിൽ ഒരു ബദലേയുള്ളൂ. ആ ബദലിന് നേതൃത്വം കൊടുക്കുന്ന ശക്തികളെ തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങളാണ് നടക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഇതിനായി ഏകോപിപ്പിക്കുകയാണ്. നാടിന്റെ നിലനിൽപ്പ് അപകടപ്പെടുത്തുന്ന നീക്കമാണ് നടക്കുന്നത്. ദേശാഭിമാനിയുടെ ചരിത്രം കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻഇനിയും വളർച്ച നേടേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.