അ ഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന തിരച്ചിലില്‍ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ കൊലപ്പെടുത്തിയതായി താലിബാന്‍ സുരക്ഷാ സേന. ഇന്നലെയാണ് താലിബാന്‍ വക്താവ് ഇക്കാര്യം വിശദമാക്കിയത്. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് താലിബാന്‍ വിശദമാക്കുന്നത്. നിരവധി വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട പഠന കേന്ദ്രത്തിലെ ആക്രമണത്തിലും നഗരത്തിലെ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും സുപ്രധാന പങ്ക് വഹിച്ചവരാണ് കൊല്ലപ്പെട്ടതെന്നാണ് താലിബാന്‍ വക്താവ് ക്വാരി യൂസഫ് അഹമ്മദി വ്യക്തമാക്കിയത്.
തെരച്ചിലിനിടെ ഒരു താലിബാന്‍ ഭടനും കൊല്ലപ്പെട്ടിട്ടുണ്ട്. വസിര്‍ അക്ബര്‍ ഖാന്‍ മോസ്കിനും കാജ് ഇന്‍സ്റ്റിറ്റ്യൂട്ടിനും എതിരെയുണ്ടായ അക്രമത്തില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത് എന്നാണ് ക്വാരി യൂസഫ് അഹമ്മദി വ്യക്തമാക്കിയത്. ഈ രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. സെപ്തംബര്‍ 30 ന് കാജ് ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നടന്ന ആക്രമണത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥിനികളായിരുന്നു. സെപ്തംബര്‍ 23 നടന്ന മോസ്ക് ആക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 40ല്‍ അധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എംബസികള്‍ക്കും വിദേശ സേനകളുടെ ഏജന്‍സികള്‍ക്കും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിന് അടുത്ത് സ്ഥിതി ചെയ്യുന്ന മോസ്കിനെതിരെ ആയിരുന്നു സെപ്തംബര്‍ 23 നടന്ന ആക്രമണം.
2021ല്‍ അധികാരത്തിലെത്തിയതിന് ശഏഷം രാജ്യം സുരക്ഷിതമാക്കാനുള്ള നീക്കങ്ങളിലാണ് താലിബാനുള്ളത്. എന്നാല്‍ രാജ്യ തലസ്ഥാനത്ത് അടുത്തിടെ തുടര്‍ച്ചയായുണ്ടായ സ്ഫോടന സംഭവങ്ങള്‍ യുഎന്‍ അപലപിക്കുകയും താലിബാന്‍റെ സേനാ വിന്യാസത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫാ ഖൊറസാന്‍ ആണ് താലിബാനെതിരായ അക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഒളിത്താവളങ്ങളില്‍ നടത്തിയ രണ്ട് റെയ്ഡുകളിലായാണ് ആറ് നുഴഞ്ഞുകയറ്റക്കാരെ കൊലപ്പെടുത്തിയത്. ഒപ്പം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ഗ്രനേഡുകള്‍, റൈഫിളുകള്‍, സ്ഫോടന വസ്തുക്കള്‍, കാര്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഐഎസിനെതിരെ നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണ് ഇത്.