കാബൂൾ : ബുർഖ ധരിക്കാത്തതിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ മർദ്ദിച്ച് താലിബാൻ ഉദ്യോഗസ്ഥൻ. താലിബാൻ സർക്കാരിന്റെ വൈസ് ആന്റ് വെർച്യു മന്ത്രാലയത്തിൽ പെട്ടയാളാണ് വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് ഇൻഡിപെന്റന്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷൻ സർവകലാശാലയുടെ ഗേറ്റിന് പുറത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. ഡസൻ കണക്കിന് വിദ്യാർത്ഥികൾ തങ്ങളെ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയുടെ ഗേറ്റിൽ പ്രതിഷേധിച്ചത്. ഇതിനിടെ താലിബാൻ സർക്കാർ ഉദ്യോഗസ്ഥൻ വിദ്യാർത്ഥികളെ പിന്തുടരുകയും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട് അവരെ മർദ്ദിക്കുകയുമായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരമേറ്റതിനുശേഷം, സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംസാരത്തിനും അഭിപ്രായപ്രകടനത്തിനും തൊഴിൽ അവസരങ്ങൾക്കും വസ്ത്രധാരണത്തിനും താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികളെ ആറാം ക്ലാസ് മുതൽ സ്‌കൂളിൽ പോകുന്നതിൽ നിന്ന് വിലക്കി. സത്രീകൾ പൊതു നിരത്തിൽ നിഖാബോ (തലയും മുഖവും മറയ്ക്കുന്ന ഒരു മൂടുപടം, പക്ഷേ കണ്ണുകളല്ല) ബുർഖയോ ധരിച്ചിരിക്കണമെന്നാണ് താലിബാന്റെ വൈസ് ആന്റ് വെർച്യു മന്ത്രാലയത്തിന്റെ നിർദ്ദേശം.
അതേസമയം വിദ്യാർത്ഥികളോടുള്ള തീവ്രവാദ സംഘടനയുടെ അക്രമവും നിയമവിരുദ്ധമായ പെരുമാറ്റവും ശ്രദ്ധിക്കുമെന്നും വിദ്യാർത്ഥികളുടെ അഭ്യർത്ഥന യാഥാർത്ഥ്യമാക്കുമെന്നും സർവകലാശാല പ്രസിഡന്റ് നഖിബുള്ള ഖാസിസാദ പറഞ്ഞു. എന്നാൽ ‘അനധികൃത’ പ്രതിഷേധങ്ങളും താലിബാൻ നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാൻ സർക്കാരിന്റെ തകർച്ചയ്ക്കും താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനും ശേഷം അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശലംഘനങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ അടിസ്ഥാനമാക്കി 120 ഓളം രാജ്യങ്ങളെ വിലയിരുത്തി നടത്തിയ ഗാലപ്പിന്റെ ലോ ആൻഡ് ഓർഡർ ഇൻഡക്‌സിന്റെ സർവ്വെയാണ് ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനെ തെരഞ്ഞെടുത്തത്.