ബീജിങ്: ചൈനയുടെ സ്വപ്നമായ ബെൽറ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പൂർണമായ സഹകരണം വാഗ്ദാനം ചെയ്ത് അഫ്ഗാൻ ഭരണകൂടമായ താലിബാൻ. കൂടുതൽ പഠനത്തിനും ചർച്ചകൾക്കുമായി സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് അഫ്ഗാൻ വ്യാവസായ മന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. താലിബാൻ ഭരണകൂടത്തെ മറ്റ് രാജ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിലും താലിബാന് പൂർണ പിന്തുണ നൽകാനാണ് ചൈനയുടെ തീരുമാനം. കഴിഞ്ഞ മാസമാണ് ചൈന ഔദ്യോഗികമായി കാബൂളിലേക്ക് അംബാസഡറെ അയച്ചത്.
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി, ബെൽറ്റ് റോഡ് പദ്ധതി എന്നിവയിൽ അഫ്ഗാനെ ഭാഗമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാങ്കേതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും അഫ്ഗാൻ വ്യവസായ മന്ത്രി ഹാജി നൂറുദ്ദീൻ അസീസി റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ചൈന അഫ്ഗാനിൽ വലിയ രീതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ചൈനക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും അഫ്ഗാൻ മന്ത്രി പറഞ്ഞു.
ലിഥിയം, കോപ്പർ, അയൺ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ ചൈനക്ക് ലഭ്യമാക്കുമെന്നും നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ അഫ്ഗാനടക്കം 34 രാജ്യങ്ങൾ ഡിജിറ്റൽ എക്കോണമി, ഗ്രീൻ ഡെവലപ്മെന്റ് പദ്ധതികളിൽ യോജിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചു.
നേരത്തെ അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാൻ താലിബാൻ ചൈനയുടെ സഹായം തേടിയിരുന്നു. 2021 ആഗസ്റ്റില്‍ അഫ്ഗാനില്‍ നിന്ന് പിന്മാറും മുമ്പ് അമേരിക്ക തയ്യാറാക്കിയ പദ്ധതി നടപ്പാക്കാനാണ് താലിബാൻ ചൈനയുടെ സഹായം തേടിയത്. തലസ്ഥാനമായ കാബൂളിൽ ആയിരക്കണക്കിന് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് താലിബാന്‍റെ പദ്ധതി. നഗരത്തിന്‍റെ സുരക്ഷയ്ക്കും ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) അടിച്ചമര്‍ത്തുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധയെന്നാണ് താലിബാന്‍റെ നയം. സിസിടിവിയുടെ സാധ്യതകളെ കുറിച്ച് ചൈനീസ് ടെലികോം ഉപകരണ നിർമ്മാതാക്കളായ ഹുവാവേയുമായി ചര്‍ച്ചകള്‍ നടത്തിയതായും താലിബാന്‍ പറയുന്നു. കാബൂളിലും മറ്റ് പ്രധാന നഗരങ്ങളിലും സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുന്ന തരത്തില്‍ 62,000 ക്യാമറകൾ ഒരുക്കാനാണ് പദ്ധതി.