തളിപ്പറമ്പ്: ബാറ്ററി മോഷണക്കേസിൽ രണ്ട് ആക്രി കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മന്നയിലെ എ. റഷീദ്, കണ്ണൂർ സൗത്ത് ബസാറിലെ മുരുകൻ എന്ന ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഡിസംബർ 10ന് മാങ്ങാട്ടുപറമ്പ് എൻജിനീയറിങ് കോളജിലെ സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിക്കുന്നതിനിടെയാണ് ഒന്നാം പ്രതി അബ്ദുറഹ്മാനെ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപിച്ചത്. കാക്കാഞ്ചാൽ സ്വദേശിയായ അബ്ദുറഹ്മാനെ ചോദ്യം ചെയ്തപ്പോഴാണ് നൂറോളം സമാന മോഷണങ്ങളെക്കുറിച്ചും കൂട്ടാളിയായ നൗഫലിനെപ്പറ്റിയും വിവരം ലഭിച്ചത്.
തുടർന്ന് 15ന് കൂട്ടുപ്രതിയായ പുളിമ്പറമ്പ് സ്വദേശി നൗഫലിനെയും അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആക്രി വ്യാപാരികളുടെ പങ്കിനെക്കുറിച്ച് പോലീസിനോട് ഇവർ പറഞ്ഞത്. പ്രതികളിൽ നിന്ന് മോഷണ മുതലുകൾ വാങ്ങിയതിനാണ് റഷീദിനെയും മുരുകനെയും തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മോഷണ മുതലാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അവ വാങ്ങിയതെന്ന് പോലീസ് അറിയിച്ചു. ഇങ്ങനെ മോഷ്ടിച്ചു കിട്ടുന്ന ബാറ്ററികൾക്ക് 1000 രൂപ മാത്രമാണ് രണ്ട് ആക്രി കച്ചവടക്കാരും മോഷ്ടാക്കൾക്ക് നൽകിയിരുന്നതെന്നും പോലീസ് അറിയിച്ചു.