കല്‍പ്പറ്റ : മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. നേരത്തെ ജില്ലാ തലത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന് പുറമെയാണ് ചൂരല്‍മല കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. അതേസമയം 100ലധികം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. മേപ്പാടി വിംസ് ആശുപത്രിയില്‍ 76 പേരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തില്‍ 22പേരും ചികിത്സ തേടിയിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും ഉയരുകയാണ്.
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല ജിവിഎച്ച്എസ്എസിലും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. നാലു കുടുംബങ്ങളില്‍ നിന്നായി 15പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിന് മുമ്പ് ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നോ എന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ മേപ്പാടി ചൂരല്‍മല ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനില്‍ 700ലധികം പേര്‍ കുടുങ്ങികിടക്കുകയാണ്. ഇതില്‍ 10പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ചൂരല്‍മല മേഖലയില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനായിട്ടില്ല. ഇവിടേക്കുള്ള പാലം തകര്‍ന്നിരിക്കുകയാണ്. താല്‍ക്കാലിക പാലം നിര്‍മിച്ച് കുടുങ്ങികിടക്കുന്നവരെ രക്ഷപെടുത്താനാണ് ശ്രമം. ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ബംഗ്ലാവില്‍ അഭയം തേടിയ 700പേരാണ് കുടുങ്ങിക്കിടക്കുന്നത്. രാത്രിയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് മാറിയതാണെന്നാണ് കരുതുന്നത്.