ദില്ലി: കനത്ത മഴയിൽ തമിഴ്‌നാട്ടിലെ നാല് ജില്ലകളിലായി 31 പേർ മരിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ചെന്നൈയിൽ കാലാവസ്ഥാ പ്രവചനത്തിന് മൂന്ന് ഡോപ്ലറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്. തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ നാല് ജില്ലകളിൽ ഡിസംബർ 17 ന് കനത്ത മഴ ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് വൈകിയെന്ന ഡിഎംകെ മന്ത്രി മനോ തങ്കരാജിന്റെ വാദം നിര്‍മല സീതാരാമൻ തള്ളിക്കളഞ്ഞു.
2015ൽ തീവ്രമായ മഴ തമിഴ്നാട്ടിലുണ്ടായി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ തമിഴ്‌നാട് സർക്കാർ 4000 കോടി രൂപയുടെ സഹായം ഉപയോഗിക്കണമായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ‘ദേശീയ ദുരന്തം’ എന്നൊരു പ്രഖ്യാപനം ഒരിക്കലും ഉണ്ടായിട്ടില്ല. ഉത്തരാഖണ്ഡിൽ പോലും അത്തരത്തിലുള്ള പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാലും ഏത് സംസ്ഥാനത്തിനും ദുരന്തം പ്രഖ്യാപിക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ഇത്രയും വലിയ ദുരന്തം നടക്കുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദില്ലിയില്‍ ഇന്ത്യ സഖ്യത്തിനൊപ്പമായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും പ്രളയക്കെടുതിയിൽ വലയുമ്പോൾ കേന്ദ്ര സർക്കാർ മതിയായ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചില്ലെന്ന് നേരത്തെ എം കെ സ്റ്റാലിൻ ആരോപിച്ചിരുന്നു.
“ഈ പ്രതിസന്ധി ഘട്ടത്തിൽ, കേന്ദ്ര സർക്കാർ ഞങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ചില്ല. ജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കുന്നു” എന്നാണ് സ്റ്റാലിൻ പറഞ്ഞത്. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് 6000 രൂപയും തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ദുരിതബാധിതരുടെ കുടുംബത്തിന് 1000 രൂപ വീതവും തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.