ശബരിമല : അയ്യപ്പഭക്തർക്ക് നൽകാനായി 10 ലക്ഷം ബിസ്കറ്റ് പാക്കറ്റുകളാണ് തമിഴ്നാട് ദേവസ്വം ഡിപ്പാർട്ട്മെന്റ് ശബരിമല സന്നിധാനത്തേക്ക് കൊണ്ടുവരുന്നത്. ബിസ്കറ്റ് ബോക്സുകൾ നിറച്ചുള്ള കണ്ടെയ്നറിന്റെ ഫ്ളാഗ് ഓഫ് തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു ചെന്നൈയിൽ നിർവ്വഹിച്ചു. അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും തമിഴ്നാട് ദേവസ്വം മന്ത്രി വാഗ്ദാനം ചെയ്തതായി ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
4 കണ്ടെയ്നറുകളിലായിട്ടാണ് പമ്പയിലെത്തിക്കുക. ശബരിമലയിലേക്കുള്ള ബിസ്ക്കറ്റ് ബോക്സുകൾ നിറച്ച ആദ്യ കണ്ടെയ്നർ തമിഴ്നാട് ദേവസ്വം മന്ത്രിയും തികഞ്ഞ അയ്യപ്പ ഭക്തനുമായ പി.കെ.ശേഖർ ബാബു ചെന്നൈയിൽ ഫ്ളാഗ് ഓഫ് ചെയ്തു.
തമിഴ്നാട് ദേവസ്വം കമ്മീഷണർ മുരളീധരൻ, ദേവസ്വത്തിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശേഷം ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുമായി ഫോണിൽ ആശയ വിനിമയം നടത്തി. എല്ലാ മാസവും മുടക്കം വരുത്താതെ ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്ദാനം നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ശബരിമല അയ്യ ഭക്തർക്കായി നേരത്തെ ബിസ്ക്കറ്റ് സ്പോൺസർ ചെയ്ത ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ നായരുടെയും തമിഴ്നാട് ദേവസ്വത്തിന്റെ കേരള ലെയ്സൺ ഓഫീസർ ഉണ്ണികൃഷ്ണന്റെയും കോ ഓർഡിനേഷനിലാണ് ബിസ്കറ്റുകൾ സന്നിധാനത്തേക്ക് എത്തിക്കുക. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ പോയിന്റുകളിലും സന്നിധാനം നടപ്പന്തലിലുമായി ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭക്തർക്ക് എല്ലാ ദിവസവും ബിസ്കറ്റും ഔഷധ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്.