ചെന്നൈ : ഓൺലൈൻ ചൂതാട്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സർക്കാർ. ചൂതാട്ടങ്ങൾക്ക് അടിമപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇതിലൂടെ 18 വയസ്സിന് താഴെയുള്ളവർ പണംവെച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് പൂർണമായി നിരോധിച്ചിരിക്കുകയാണ്. ഇനി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയാൽ മാത്രമേ സംസ്ഥാനത്ത് ഓൺലൈൻ ഗെയിം കളിക്കാൻ അനുവാദമുള്ളൂ. 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ട് ഇടപാടുകളുടെ ഒ.ടി.പി. രക്ഷിതാവിൻ്റെ ഫോണിലാണ് ലഭിക്കുക. മാത്രമല്ല ഇത്തരം അക്കൗണ്ടുകളിലെ ഇടപാടിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
രക്ഷിതാക്കൾ അറിയാതെ അവരുടെ അക്കൗണ്ട് ഉപയോഗിച്ച് ഗെയിം കളിച്ചാലും ബാങ്ക് അക്കൗണ്ട് ഉടമയുടെ ഫോണിലേക്കാണ് ഒ.ടി.പി വരുകയെന്നതിനാൽ രക്ഷിതാക്കൾക്ക് വിവരം ലഭിക്കും. രക്ഷിതാക്കളുടെ ശ്രദ്ധയും നിയന്ത്രണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓൺലൈനിൽ പണംവെച്ച് കളിക്കുന്നവരുടെ കാര്യക്ഷമത ഓരോ ദിവസവും പരിശോധിക്കണമെന്നും സർക്കാർ ഓൺലൈൻ ഗെയിം കമ്പനികളോട് ആവശ്യപ്പെട്ടു. പണംവെച്ച് കളിക്കുന്നവർക്ക് ഓരോ മണിക്കൂർ കൂടുമ്പോഴും പണം നഷ്ടപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ചൂതാട്ടുകൾ വ്യക്തികളെ കടക്കെണിയിലേക്കും മാനസിക സംഘർഷങ്ങളിലേക്കും നയിക്കുന്നു എന്നും ഇത് ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിക്കുന്നു എന്നും സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.