ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി നാടകീയമായി മരവിപ്പിച്ചു തമിഴ് നാട് ഗവർണർ. മന്ത്രിയെ പുറത്താക്കിയതായി രാത്രി ഏഴു മണിക്ക് വാർത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവൻ, 4 മണിക്കൂറിനു ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു. ഗവർണർ ആറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നും ആണ് ഉള്ളടക്കം. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ്, ആർ എൻ രവിയുടെ തിടുക്കത്തിലുള്ള പിന്മാറ്റം എന്നാണ് സൂചന. ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചിരുന്നു. ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഗവർണറുടെ ആദ്യ ഉത്തരവ്. ബാലാജിയെ പുറത്താക്കിയതിനെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന ഘടകത്തിനും എഐഎഡിഎംകെയ്ക്കും പിന്മാറ്റം തിരിച്ചടിയായി.