ചെന്നൈ ∙ പേരിൽ തൊട്ടാൽ പൊള്ളുമെന്നു മുൻപും പല കാണിച്ചു കൊടുത്ത ചരിത്രമുള്ള നാടാണു തമിഴ്നാട്. സംസ്ഥാനത്തിന് തമിഴകം എന്ന പേരാണു യോജിക്കുന്നതെന്ന ഗവർണർ ആർ.എൻ.രവിയുടെ പരാമർശം വിവാദമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. ദ്രാവിഡ പ്രത്യയശാസ്ത്രം വിഭാഗീയതയാണ് എന്നു വിശ്വസിക്കുന്ന ഗവർണർ തമിഴ്‌നാട് ദേശീയ മുഖ്യധാരയിൽ അകലുകയാണെന്നു വിശ്വസിക്കുന്നു.
‘നാട്’ എന്ന വാക്ക് ബിജെപി വാദിക്കുന്ന ‘ഒരു രാഷ്ട്രം, ഒരു ഭാഷ’ സിദ്ധാന്തത്തിൽ ഉറച്ചു വിശ്വസിക്കുന്ന അദ്ദേഹത്തെ അലോസരപ്പെടുത്തുന്നുമുണ്ട്. ദ്രാവിഡ മോഡൽ പോലുള്ള പദപ്രയോഗങ്ങളെ സാങ്കൽപികമെന്നും വ്യാജമെന്നുമാണു വിശേഷിപ്പിക്കുന്നതും.
ഏറ്റവുമൊടുവിൽ രാജ്ഭവൻ പുറത്തിറക്കിയ പൊങ്കൽ ക്ഷണക്കത്തിൽ ‘തമിഴകം’ എന്ന വാക്ക് ഉപയോഗിച്ചതിനു പുറമേ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നം(ലോഗോ) ഒഴിവാക്കി ഡിഎംകെയെ വീണ്ടും പ്രകോപിപ്പിച്ചിട്ടുമുണ്ട്.
സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ നിർദേശങ്ങളാണ് അനുസരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണന്നാണ് വിലയിരുത്തൽ. ഇതോടെ ‘ഗെറ്റ് ഔട്ട് രവി’ ഹാഷ്ടാഗ് പ്രചാരണം കൂടുതൽ തീവ്രമായി.