ദില്ലി: തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചുവിളിക്കണം എന്ന ആപേക്ഷയുമായി രാഷ്ട്രപതിയെ കാണും എന്നാണ് ഡിഎംകെ എംപി കനിമൊഴി ഞായറാഴ്ച അറിയിച്ചത്. പൊതുജനങ്ങള്‍ തെരഞ്ഞെടുത്തവരെക്കുറിച്ച് ഗവര്‍ണര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കനിമൊഴി പറഞ്ഞു.
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തുടര്‍ച്ചയായി ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ നിരന്തരം ഗവര്‍ണര്‍മാര്‍ സംസാരിക്കുകയാണ് , കനിമൊഴി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഈ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഞങ്ങള്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചു. രാഷ്ട്രപതി സമയം നല്‍കും എന്നാണ് കരുതുന്നത്. അടുത്തിടെ തമിഴ്നാട് സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ വളരെ രൂക്ഷമായ അവസ്ഥയിലാണ്. നിമയസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നില്ല എന്നതിന് പുറമേ കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ നടത്തിയ പ്രസ്താവന പ്രശ്നം രൂക്ഷമാക്കിയിരുന്നു.
അതേ സമയം ഗവർണർക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ. ഗവർണർ ആർ എൻ രവിക്കെതിരെ ബിജെപി ഇതര പാർട്ടികൾ സംയുക്തമായി നിവേദനം നൽകും. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെ നീക്കത്തെ കോൺഗ്രസും സിപിഎമ്മും പിന്തുണയ്ക്കും. കേരളത്തിൽ ഗവർണർക്കെതിരെ കോൺഗ്രസും സിപിഎമ്മും ഒന്നിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.
ഗവർണർ ആർ.എൻ.രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കൂട്ടായി നിവേദനം നൽകണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷററും എംപിയുമായ ടി.ആർ.ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾക്ക് കത്തെഴുതി.
നീക്കവുമായി സഹകരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. ബിജെപി ഭരണേതര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ജനാധിപത്യ വിരുദ്ധ ഇടപെടലുകൾക്കെതിരെ ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.