ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകന് അജ്ഞാതരുടെ ക്രൂര മർദനം. തിരുപ്പൂർ ജില്ലയിൽ നിന്നുള്ള ടെലിവിഷൻ മാധ്യമപ്രവർത്തകനായ നെസ പ്രഭുവിനാണ് മർദനമേറ്റത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിൽ ഒരു സംഘം ആളുകൾ തന്നെ പിന്തുടരുന്നുണ്ടെന്നും രക്ഷിക്കണമെന്നും തുടർച്ചയായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞിട്ടും ഇദ്ദേഹത്തിന് സഹായമൊന്നും ലഭിച്ചില്ല. സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനാണത്രെ പ്രാണഭയത്തിൽ സഹായം തേടി വിളിച്ചപ്പോൾ കിട്ടിയ മറുപടി.സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. കൂടാതെ മാധ്യമപ്രവർത്തകന്‍റെ ചികിത്സക്ക് മൂന്ന് ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു.
മാധ്യമപ്രവർത്തകൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതിന്‍റെ ശബ്ദരേഖ വാർത്ത ചാനലുകൾ പുറത്തുവിട്ടു. പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ ചെന്നൈയിലെ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു.