ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹര്‍ജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നല്‍കി. ഇതോടെ ആശുപത്രിയില്‍ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത ബാലാജി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അയച്ച ശുപാര്‍ശയെത്തുടര്‍ന്ന് സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ പുനര്‍ വിഭജിക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി അനുമതി നല്‍കി. എന്നാല്‍ വകുപ്പുകളൊന്നുമില്ലാതെ കാബിനറ്റ് മന്ത്രിയായി സെന്തില്‍ തുടരുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി. ക്രിമിനല്‍ നടപടികള്‍ നേരിടുന്ന മന്ത്രി വി സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തുടരുന്നതിനെ ഗവര്‍ണര്‍ ആര്‍എന്‍ രവി എതിര്‍ത്തതായി രാജ്ഭവന്‍ പ്രസ്താവനയില്‍ പറയുന്നു.