കല്ലമ്പലം: മാവിന്മൂട് പാണന്തറ സ്വദേശിയായ വൃദ്ധയുടെ സ്വര്‍ണമാല മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകള്‍ അറസ്റ്റിൽ. തിരുനെൽവേലി അമ്പാസമുദ്രം സ്വദേശികളായ കാളിയമ്മ, സഹോദരി ലത എന്നിവരാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. ഇവർ മാവിൻമൂട് ഭാഗത്തുനിന്ന് ഓട്ടോയിൽ വരികയും കല്ലമ്പലം ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന വൃദ്ധയെ കല്ലമ്പലത്തേക്ക് പോകുകയാണോ എന്നു ചോദിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയായിരുന്നു കവർച്ച.
യാത്രാമദ്ധ്യേ വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൃദ്ധ സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കല്ലമ്പലം പൊലീസ് ഇന്‍സ്പെക്ടര്‍ ഫാറോസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്, ജി.എ.എസ്.ഐ നജീബ്, എസ്.സി.പി.ഒ അനില്‍കുമാര്‍, ഹരിമോന്, സി.പി.ഒ ഷംനാദ്, യാസിര്‍, കവിത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.