ചൈന: തെലങ്കാന ഗവർണർ സ്ഥാനം രാജിവെച്ച തമിഴിസൈ സൗന്ദരരാജൻ വീണ്ടും ബി.ജെ.പിയിൽ ചേർന്നു. തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈയുടെ സാന്നിധ്യത്തിലായിരുന്നു തമിഴിസൈയുടെ പാർട്ടി പ്രവേശനം. ഉന്നത പദവികൾ വഹിക്കുന്നവർ സ്ഥാനമൊഴിയുന്നത് സാധാരണക്കാരെന്ന നിലയിൽ പൊതുജനങ്ങൾക്കായി വീണ്ടും പ്രവർത്തിക്കാനാണ്. അത് ഇന്ത്യയിൽ മാത്രമേ സാധ്യമാകൂവെന്ന് അണ്ണാമലൈ പറഞ്ഞു. ഗവർണറായിരിക്കെ ബി.ജെ.പിയിൽ ചേർന്നതിന് തമിഴിസൈക്കെതിരെ ഇടതുപാർട്ടികളും ഡി.എം.കെയും നടത്തിയ വിമർശനത്തിനു മറുപടി പറയുകയായിരുന്നു അണ്ണാമലൈ.
ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടിയിൽ പെട്ട ഒരാൾ ഉന്നതപദവികൾ ഒഴിയുകയില്ല. അവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഇരിക്കുന്നത് ഉന്നത സ്ഥാനങ്ങൾ ഏറ്റെടുക്കാൻ മാത്രമാണെന്നും അണ്ണാമലൈ സൂചിപ്പിച്ചു.
2019ൽ തെലങ്കാന ഗവർണർ പദവിയേറ്റെടുക്കാനാണ് തമിഴിസൈ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. 2021ൽ പുതുച്ചേരി ലഫ്. ഗവർണറായും നിയമിക്കപ്പെട്ടു. 62കാരിയായ തമിഴിസൈ ഗൈനക്കോളജിസ്റ്റാണ് 20വർഷം മുമ്പാണ് അവർ ബി.ജെ.പിയിൽ ചേർന്നത്. തമിഴിസൈ 2019ലും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഡി.എം.കെ നേതാവ് കനിമൊഴിയായിരുന്നു എതിരാളി. ചെന്നൈ നോർത്തിലും മത്സരിച്ചുവെങ്കിലും ഡി.എം.കെയുടെ ടി.കെ.എസ് എലൻഗോവനോട് പരാജയപ്പെട്ടു.