തമിഴ്‌നാട് : തമിഴ്നാട്ടിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഊരുവിലക്ക്. മയിലാടുതുറ പൂമ്പുഹാറിലാണ് ഏഴ് കുടുംബങ്ങളെ നാട്ടുകൂട്ടം ഒരു വർഷത്തേയ്ക്ക് ഊരുവിലക്കിയത്. നാൽപത് ലക്ഷം രൂപ പിഴയൊടുക്കാനും നാട്ടുകൂട്ടം നിർദ്ദേശിച്ചു. മോട്ടോർ ബോട്ടുകൾ ഉപയോഗിയ്ക്കുന്നവരും പരമ്പരാഗത വള്ളം ഉപയോഗിയ്ക്കുന്നവരും തമ്മിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇവിടെ തർക്കം നിലനിൽക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് ഇരുവിഭാഗത്തെയും ചിലർ അറസ്റ്റിലായി. സംഘർഷത്തിനുണ്ടായിരുന്ന തമിഴ് വാണൻ എന്ന യുവാവിന് ദിവസങ്ങൾക്കു ശേഷം വാഹനാപകടത്തിൽ പരുക്കേറ്റു. ചികിത്സയിലിരിയ്ക്കെ ഇയാൾ കൊവിഡ് ബാധിച്ച് മരിയ്ക്കുകയും ചെയ്തു. തമിഴ് വാണന്റെ മരണത്തിന് ഉത്തരവാദികൾ ഈ ഏഴു കുടുംബങ്ങളാണെന്ന് കാണിച്ചാണ് നാട്ടുകൂട്ടം ഇവരെ ഊരുവിലക്കിയത്.
ഉരുവിലക്കപ്പെട്ടവരുമായി ആരും സഹകരിയ്ക്കരുതെന്നും കുടിവെള്ളം പോലും ഉപയോഗിയ്ക്കാൻ അനുവദിയ്ക്കരുതെന്നും നാട്ടുകൂട്ടം നിർദ്ദേശം നൽകി. കുട്ടികളുമായി ഗ്രാമം വിട്ടിറങ്ങിയ ഏഴ് കുടുംബങ്ങളും തരംഗംപാടിയിലേയും കാരക്കലിലേയും ബന്ധുവീട്ടുകളിലാണ് ഇപ്പോൾ താമസം. സീർകാഴി റവന്യൂ കമ്മീഷണർ നാരായണന്റെ നേതൃത്വത്തിൽ നാലുവട്ടം ചർച്ച നടന്നെങ്കിലും വിലക്ക് പിൻവലിയ്ക്കാൻ നാട്ടുകൂട്ടം തയ്യാറായില്ല. പ്രശ്നം പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ കലക്ടറേറ്റിനു മുന്നിൽ സമരം നടത്തി. ഊരുവിലക്ക് നീക്കാൻ നടപടി സ്വീകരിയ്ക്കാമെന്ന കലക്ടറുടെ ഉറപ്പിനെ തുടർന്നാണ് ഇവർ സമരം അവസാനിപ്പിച്ചത്.