പാലക്കാട്: പാലക്കാട് 18 വാഹനങ്ങളുടെ ഫിറ്റ്നസ് കൂടി റദ്ദാക്കി. വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിനാണ് ഫിറ്റ്നസ് റദ്ദാക്കിയത്. ഒരാഴ്ചയ്ക്കിടെ ഫിറ്റ്നസ് റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണം 30 ആയി. അതിൽ 2 കെഎസ്ആർടിസി ബസ്സുകളും 20 സ്വകാര്യ ബസുകളും 8 ടൂറിസ്റ്റ് ബസുകളും ഉൾപ്പെടുന്നു.
വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഒരു കെഎസ്ആർടിസി ബസും ഒരു സ്വകാര്യ ബസും ഉൾപ്പെടെയാണ് നിയമ നടപടി നേരിട്ടത്. അഞ്ച് ദിവസത്തെ പരിശോധനക്കിടെ എൻഫോഴ്സ്മെന്റ് ആർടിഓ-യുടെ നടപടി വേഗപൂട്ടിൽ ക്രമക്കേട് നടത്തിയത് 12 ബസുകളിലാണ്. ലൈറ്റ്, ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകൾ 321 ബസുകളിൽ കണ്ടെത്തി. നിയമലംഘനത്തിന് 398 ബസുകൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തു.
അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുടമകൾ ഗതാഗത മന്ത്രിയെ കാണും. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ സംസ്ഥാനത്ത് കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
നിയമ ലംഘകരായ ഡ്രൈവർമാരുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യാൻ ഇടക്കാല ഉത്തരവിൽ കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളിൽ വിനോദയാത്ര നടത്തിയാൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി വരും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന കർശനമായിരിക്കും.
വടക്കഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട് ബസ്സുടമകള്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.