ശബരിമലയിൽ നാളെ നടക്കുന്ന തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൂജാ സമയക്രമത്തിൽ മാറ്റം ഉള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഡിസംബർ 26 ന് ഉച്ചപൂജയ്ക്കുശേഷം വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. അതിനാൽ 26 ന് രാവിലെ 11 മണി വരെ നിലയ്ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളേ പമ്പയിലേക്ക് കടത്തിവിടു. 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂർ എങ്കിലും നിലയ്ക്കൽ തന്നെ തുടരേണ്ടി വരും എന്ന് പോലീസ് വ്യക്തമാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
സാധാരണ ഉച്ചപൂജയ്ക്കു ശേഷം മൂന്നു മണിക്കാണ് ശബരിമല നട തുറക്കുന്നത്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതു വൈകി ആക്കിയ സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നിലയ്ക്കൽ ഏർപ്പെടുത്തുന്ന ക്രമീകരണം.