ആലുവ: ചെങ്ങമനാട് തോട്ടിൽ കക്കൂസ് മലിന്യം തള്ളിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ടാങ്കറില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയ ഫോർട്ട്കൊച്ചി സ്വദേശികളായ ലോറി ഡ്രൈവര്‍ അജ്മല്‍, ക്ലീനര്‍ അനീഷ് എന്നിവരാണ് പിടിയിലായത്. വണ്ടി ചെരിഞ്ഞത് കണ്ട് സഹായിക്കാൻ ഓടിയെത്തിയ നാട്ടുകാരാണ് വണ്ടിയിൽ കക്കൂസ് മാലിന്യമാണെന്ന് അറിഞ്ഞ് ഇരുവരെയും പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. കക്കൂസ് മാലിന്യവുമായി ടാങ്കര്‍ ചെങ്ങമനാടെത്തി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാലിന്യം പുറയാർ വെങ്ങോല പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് തള്ളി. മാലിന്യം തട്ടിയ ശേഷം പെട്ടെന്നെടുത്തപ്പോള്‍ ടാങ്കര്‍ ഒരു ഭാഗത്തേക്ക് ചരിഞ്ഞു. സഹായിക്കാനെത്തിയ നാട്ടുകാര്‍ക്ക് കാര്യം മനസിലായതോടെ ഡ്രൈവറും സഹായിയും കുടുങ്ങി. നാട്ടുകാർ വിവരമറിയിച്ച് പൊലീസെത്തി അജ്മലിനേയും അനീഷിനേയും കസ്റ്റഡിയിലെടുത്തു.
ഇതിനു മുമ്പും പല പ്രാവശ്യം ഇവിടെ കക്കൂസ് മാലിന്യം തട്ടിയിട്ടുണ്ടെങ്കിലും ആരെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമാണ്.പിന്നീട് ക്രെയിൻ കൊണ്ടു വന്നാണ് ചരിഞ്ഞ ലോറി വലിച്ചു കയറ്റിയത്. കസ്റ്റഡിയിലെടുത്ത ടാങ്കര്‍ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവര്‍ അജ്മലിനേയും സഹായി അനീഷിനേയും അറസ്റ്റ് ചെയ്തു.