മലപ്പുറം: താനൂരിൽ ബോട്ടപകടത്തിൽ മരിച്ച സബറുദ്ദീൻ ഡ്യൂട്ടിക്കിടയിലാണ് അപകടത്തിൽപെട്ടതെന്ന് സ്ഥിരീകരണം. തൂവൽത്തീരത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ തേടിയാണ് ഇദ്ദേഹം എത്തിയത്. പ്രതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തൂവൽത്തീരത്തായിരുന്നു. ഇവിടെയെത്തിയ സബറുദ്ദീൻ ബോട്ടിൽ ആളുകൾ കയറുന്നത് കണ്ട് പ്രതി ബോട്ടിലുണ്ടായിരിക്കാമെന്ന സംശയത്തിൽ ബോട്ടിനകത്ത് കയറുകയായിരുന്നു. ബോട്ടിൽ താഴെയും മുകളിലുമായി സബറുദ്ദീൻ പരിശോധനയും നടത്തി. താനൂർ ഡിവൈഎസ്‌പിയും ഇക്കാര്യം സ്ഥിരീകരിച്ചു. മലപ്പുറം എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗമായിരുന്ന സബറുദ്ദീൻ മഫ്തിയിലായിരുന്നു പരിശോധനക്ക് എത്തിയത്. ദാരുണമായ അപകടത്തിൽ സബറുദ്ദീന്റെ മരണം പൊലീസ് സേനയ്ക്ക് എന്നത് പോലെ നാടിനും നാട്ടുകാർക്കും തീരാനോവായി മാറുകയാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായിരുന്നു സബറുദ്ദീൻ. കെട്ടിട നിർമ്മാണ ജോലിക്ക് പോയിരുന്ന ഇദ്ദേഹം പൊലീസുകാരനാവണം എന്ന മോഹം ഉള്ളിൽ വെച്ച് ആത്മാർത്ഥമായി പഠിച്ചു. പിന്നീട് സിവിൽ പൊലീസ് ഓഫീസറായി ജോലിക്ക് കയറിയ സബറുദ്ദീൻ പൊലീസ് സേനയിൽ തന്നെ മികവ് കൊണ്ട് പേരെടുത്തു. അങ്ങിനെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വോഡിൽ അംഗമായത്. മയക്കുമരുന്ന് കേസുകളിലടക്കം പ്രതികളെ പിടിക്കുന്നതിൽ ആത്മാർത്ഥമായി പരിശ്രമിക്കുകയും വിജയം കാണുകയും ചെയ്യുന്നതിൽ സബറുദ്ദീൻ പേരെടുത്തിരുന്നു. തൂവൽത്തീരത്തേക്ക് പോകുന്നതിന് മുൻപ് ബന്ധുക്കളിൽ ഒരാളോടും പൊലീസുകാരോടും സബറുദ്ദീൻ മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാൻ പോവുകയാണെന്ന് ഇദ്ദേഹം പറഞ്ഞതായാണ് വിവരം. ഇക്കാര്യമാണ് താനൂർ ഡിവൈഎസ്‌പി സ്ഥിരീകരിച്ചത്. സബറുദ്ദീൻ ബോട്ടിലുണ്ടായിരുന്നുവെന്ന് ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ ബോട്ട് മുങ്ങിയപ്പോൾ സബറുദ്ദീൻ ബോട്ടിന്റെ അടിയിലായിപ്പോയി. ഇദ്ദേഹത്തിന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. അപകടം നടന്ന ദിവസം രാത്രി പത്ത് മണിയോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അതിദാരുണമായ അപകടത്തിൽ പൊലീസ് സേനയ്ക്കുണ്ടായ വലിയ നഷ്ടമായാണ് സബറുദ്ദീന്റെ വിയോഗത്തെ കണക്കാക്കുന്നത്.