മലപ്പുറം : താനൂരിൽ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. തിരൂർ ആശുപത്രിയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം. മരിച്ച അദ്നാന്റെ പോസ്റ്റ്മോർട്ടം തിരൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 22 പേർക്കാണ് ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും ഉൾപ്പെടും. മരിച്ചവരിൽ പലരും ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. ഞായറാഴ്ച ദിവസമായതിനാൽ കൂടുതൽ പേർ ബോട്ടിൽ ഉല്ലാസയാത്രക്കായി എത്തിയിരുന്നതായാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തിൽ ഏഴ് പേരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരിൽ കൂടുതലും കുട്ടികളാണ്.