മലപ്പുറം: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി. ഉടമ നാസറിന് പുറമെ അഞ്ച് ജീവനക്കാരാണ് നിലവിൽ അറസ്റ്റിലായത്. നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിൽ നിന്നും ഇന്നലെ കസ്റ്റഡിയിൽ എടുത്ത മുഴുവൻ രേഖകളും പൊലീസ് പരിശോധിക്കുകയാണ്.
അതേസമയം, ബോട്ട് അപകടവുമായി ബന്ധപ്പെട്ട് സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറി അടക്കമുളളവരെ എതിർകക്ഷിയാക്കിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. സംഭവം സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. അപകടത്തിന് കാരണമായ ബോട്ടുടമയ്ക്കെതിരായ പ്രോസിക്യൂഷൻ നടപടിയ്ക്കൊപ്പം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് കോടതി നിലപാട്.