ദില്ലി : രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ വലിയ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നു. 500 കോടി രൂപ സമാഹരിക്കാനാണ് നീക്കം. രണ്ട് മാസത്തിനിടെ ഉള്ള രണ്ടാമത്തെ നിക്ഷേപ സമാഹരണമാണിത്. രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടക്കാനിരിക്കെയാണ് ടെലികോം കമ്പനി ധനസമാഹരണം നടത്തുന്നത്. മൾട്ടിപ്പിൾ ബാന്റുകളിലെ തരംഗങ്ങൾക്കായി ടെലികോം കമ്പനികൾ പോരാടുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്റ്റോക് എക്സ്ചേഞ്ചിനെ കമ്പനി നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്ന കാര്യം അറിയിച്ചിട്ടുണ്ട്. ഇതിൽ ധനസമാഹരണത്തിനുള്ള തീരുമാനം ബുധനാഴ്ച ഡയറക്ടർ ബോർഡ് ചർച്ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്വിറ്റി ഓഹരികൾ വഴിയോ, കൺവേർട്ടിബിൾ വാറണ്ടുകൾ വഴിയോ, പ്രിഫറൻസ് അടിസ്ഥാനമാക്കിയോ ആവും ധനസമാഹരണം നടത്തുക.
മാർച്ചിൽ കമ്പനിയിലേക്ക് 4500 കോടി രൂപ എത്തിയിരുന്നു. വൊഡഫോൺ ഗ്രൂപ്പ് 3375 കോടി രൂപയും ആദിത്യ ബിർള ഗ്രൂപ്പ് 1125 കോടി രൂപയുമാണ് എത്തിച്ചത്. പിന്നീട് പുറത്ത് നിന്ന് നിക്ഷേപം എത്തിക്കാൻ കമ്പനി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കമ്പനി 4ജി നെറ്റ്‌വർക്ക് വികസിപ്പിക്കാനാണ് നോക്കുന്നതെന്നാണ് സിഇഒ അടുത്തിടെ വ്യക്തമാക്കിയത്. മുന്നോട്ട് പോകാൻ 25000 കോടി രൂപയുടെ അധിക മൂലധനം ആവശ്യമാണെന്നാണ് സിഇഒ പറയുന്നത്. ഇതിൽ 20500 കോടി രൂപ ഇനിയും സമാഹരിക്കാനുണ്ട്. ഇതിന്റെ ഭാഗമായാണ് കമ്പനി ഓഹരികൾ വിറ്റഴിക്കുന്നത്.