കോട്ടയം : നവകേരള സദസിനായി പണം പിരിക്കാന്‍ വകുപ്പുകള്‍ക്ക് കോട്ടയം ജില്ലാ ഭരണകൂടം ടാര്‍ജറ്റ് നിശ്ചയിച്ചു നല്‍കിയെന്ന ആരോപണത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. ഉദ്യോഗസ്ഥരെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. വിവാദത്തോട് പ്രതികരിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയുളള എഡിഎം തയാറായിട്ടില്ല. പൊതുമരാമത്ത് വകുപ്പും എക്സൈസ് വകുപ്പും നാല് ലക്ഷം രൂപ വീതവും സബ് രജിസ്ട്രാര്‍ ഓഫീസുകളും നഗരസഭകളും മൂന്ന് ലക്ഷം വീതവും ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷവും പഞ്ചായത്തുകള്‍ ഒരു ലക്ഷവും പിരിക്കണമെന്നാണ് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയതെന്ന് ആരോപണം ഉയർന്നു. നിര്‍ബന്ധിത ടാര്‍ജറ്റ് നിശ്ചയിച്ചുളള ഈ പിരിവിനെ ചൊല്ലി ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയകുഴപ്പമുണ്ട്.
വാക്കാല്‍ നിര്‍ദേശം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിവാദം സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ വിവാദത്തെ പറ്റിയുളള പ്രതികരണത്തിന് ജില്ലാ കലക്ടറുടെ ചുമതലയുളള എഡിഎമ്മിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല. ടാര്‍ജറ്റ് വെച്ചുളള പണപ്പിരിവിന് നിര്‍ദേശം നല്‍കിയെന്ന ആരോപണം തെറ്റാണെന്നും മറ്റെല്ലായിടത്തും ഉള്ളതു പോലെ സ്പോണ്‍സര്‍മാരെ കണ്ടെത്താൻ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും റവന്യൂ വകുപ്പിലെ മറ്റ് ചില ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.