ദില്ലി: യുക്രേനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്ക് വിധേയമാക്കാനും റഷ്യൻ സൈനികർക്ക് വയാഗ്ര നൽകുന്നുവെന്ന ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്റിൻ. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ സ്ത്രീകൾ നേരിടേണ്ടിവന്ന പീഡനസംഭവങ്ങൾ വിവരിച്ചായിരുന്നു പ്രതികരണം.
യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീല പാറ്റൻ ആണ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് റഷ്യ സൈനികർക്ക് വയാഗ്ര നൽകുന്നുണ്ടെന്ന് പറഞ്ഞത്. ഇത് ഒരു മനപ്പൂർവമായ നീക്കവും സൈനിക തന്ത്രത്തിന്റെ ഭാഗവുമാണെന്നും പ്രമീല പറഞ്ഞു. സ്ത്രീകളെ ദിവസങ്ങളോളം തടവിലിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുമ്പോൾ, ചെറിയ ആൺകുട്ടികളെയും പുരുഷന്മാരെയും ബലാത്സംഗം ചെയ്യാൻ തുടങ്ങുമ്പോൾ, വയാഗ്ര ഉപയോഗിച്ച റഷ്യൻ സൈനികരെക്കുറിച്ച് സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നത് നിങ്ങൾ കേൾക്കുമ്പോൾ, ഇത് വ്യക്തമായ ഒരു സൈനിക തന്ത്രമാണെന്ന് ബോധ്യമാവുമെന്നും പ്രമീലയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതിന് മറുപടിയായാണ് തസ്ലീമ നസ്റിന്റെ ട്വീറ്റ്.
“യുക്രേനിയക്കാരെ ബലാത്സംഗം ചെയ്യാൻ പട്ടാളക്കാർക്ക് റഷ്യ വയാഗ്ര നൽകുന്നു! റഷ്യൻ ‘സൈനിക തന്ത്രത്തിന്റെ’ ഭാഗം! ഇരകളോട് മനുഷ്യത്വരഹിതമായി പെരുമാറാനുള്ള ബോധപൂർവമായ തന്ത്രം! റഷ്യൻ സൈന്യം വയാഗ്ര ഉപയോഗിച്ച് ഇതുവരെ 100 യുക്രേനിയക്കാരെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. എന്നാൽ പാകിസ്ഥാൻ സൈന്യം 1971 ൽ 200,000 ബംഗാളി സ്ത്രീകളെ വയാഗ്രയില്ലാതെ ബലാത്സംഗം ചെയ്തു!” തസ്ലീമ നസ്റിൻ ട്വീറ്റ് ചെയ്തു. തസ്ലീമയുടെ ആരോപണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
അതേസമയം, അന്താരാഷ്ട്ര സർക്കാരിതര സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ അഭിപ്രായത്തിൽ,അന്ന് ബലാത്സംഗങ്ങൾ വലിയ തോതിലാണ് നടന്നത്. 2 ലക്ഷം മുതൽ 4 ലക്ഷം വരെ ഇരകളുടെ കണക്കുകൾ പലപ്പോഴും പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ, ഈ കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നു.