ന്യൂഡൽഹി. ഇന്ത്യയിലെ ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. നിബന്ധനകൾ അംഗീകരിച്ചാൽ ഓഗസ്റ്റോടെ ഐഫോൺ അസംബ്ലിങ് ഫാക്ടറി ടാറ്റ ഗ്രൂപ്പിനു സ്വന്തമാകും. ബ്ലൂംബെർഗിന്റെ റിപ്പോർട്ടനുസരിച്ച് കർണാടകയിലെ വിസ്ട്രൻ കോർപ്പറേഷന്റെ ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പിലേക്കെത്തുന്നത്. നിലവിൽ 10,000ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ മൂല്യം ഏകദേശം 600 ദശലക്ഷം ഡോളറിനു മുകളിലാണ്. ഐഫോണ്‍ 14 അസംബ്ലിങ്ങ് ഈ ഫാക്ടറിയിലാണ് നടത്തിവരുന്നത്.
2024 മാർച്ചോടെ 180 കോടി ഡോളറിന്റെ ഐഫോണുകളാണ് കമ്പനിക്ക് കയറ്റുമതിക്കായി സജ്ജമാക്കേണ്ടത്. കോവിഡ് നിയന്ത്രണത്തെ തുടർന്ന് ചൈനയിൽ നിർമാണ പ്രവർത്തനം തടസപ്പെട്ടതാണ് ആപ്പിളിനെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിച്ചത്. കർണാടകയിലും ചെന്നൈയിലുമായി സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലാണ് നിലവിൽ ഐഫോൺ അസംബ്ലിങ് നടക്കുന്നത്. ഇതില്‍ കർണാടകയിലെ ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. 2025ഓടെ ആപ്പിളിന്റെ നിർമാണത്തിന്റെ 25% ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.