കൊൽക്കത്ത > സിംഗൂരിൽ നാനോ കാർ നിർമാണശാല പൂട്ടാൻ നിർബന്ധിതമായതിന് സംസ്ഥാന സർക്കാർ ടാറ്റാ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ വിധി.
ഫാക്‌ടറി സ്ഥാപിക്കാൻ നൽകിയ സ്ഥലം തിരിച്ചെടുത്തതിനെത്തുടർന്ന് പ്ലാന്റ് അടയ്ക്കേണ്ടിവന്നത് ഭീമമായ നഷ്‌ടത്തിനിടയാക്കിയെന്നു കാട്ടി സമർപ്പിച്ച ഹർജിയിലാണ് ടാറ്റാ മോട്ടോഴ്‌സിന് അനുകൂലമായ വിധി. വ്യവസായ വികസന കോർപറേഷനാണ് നഷ്‌ടപരിഹാരം നൽകേണ്ടത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.
2006ൽ ഇടതുസർക്കാരാണ് ടാറ്റാ മോട്ടോഴ്‌സുമായി കരാർ ഉണ്ടാക്കിയത്. ഇതിനായി ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 997 ഏക്കർ സർക്കാർ ഏറ്റെടുത്ത് കൈമാറി. അന്ന് പ്രതിപക്ഷത്തായിരുന്ന മമത ബാനർജി രാഷ്ട്രീയകാരണത്താൽ പദ്ധതിയെ എതിർത്തു. എതിർപ്പ് ശക്തമായതിനെത്തുടർന്ന് 2008ൽ പദ്ധതി ഉപേക്ഷിക്കുന്നതായി ടാറ്റാ പ്രഖ്യാപിച്ചു. 1000 കോടിയിലധികം രൂപ ടാറ്റ സ്ഥലത്ത് നിക്ഷേപിച്ചിരുന്നു. 2011ൽ മമത അധികാരത്തിൽ വന്നതിനെത്തുടർന്ന് ഭൂമി തിരികെ ഏറ്റെടുത്തു. ഇതിനെതിരെ നൽകിയ കേസിലാണ് വിധി.