കൊച്ചി : കൊച്ചി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസിൽ ശാസ്ത്രീയ പരിശോധനയുമായി പോലീസ്. സാധ്യമായ ഡി എൻ എ സാമ്പിളുകൾ പരിശോധിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് വിദഗ്‌ധരുടെ പിന്തുണ തേടി. പ്രതിയുടെ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാൻ തീരുമാനം. കേസിൽ ഇരയായ യുവതികളുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. മജിസ്‌ട്രേറ്റ് മുൻപാകെ യുവതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കി. ടാറ്റൂ പീഡനക്കേസിൽ പിടിയിലായ സുജീഷിനെതിരെ അന്വേഷണം തുടരുമെന്ന് പോലീസ്. കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് നിലവിലെ കണ്ടെത്തൽ. ഇന്നലെ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേ സമയം കൊച്ചി ടാറ്റൂ പീഡനക്കേസിൽ പിടിയിലായ സുജീഷിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു കൊച്ചി ഡിസിപി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുജീഷിനെ കുന്നുംപുറത്തെ ടാറ്റൂ കേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.