കൊച്ചി: ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ മീ ടൂ കേസുകൾക്ക് പിന്നാലെ കൂടുതൽ സ്ത്രീകൾ പരാതി പറയാൻ മുന്നോട്ട് വരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. നല്ലൊരു മാറ്റമാണിത്. കൊച്ചിയിൽ നേരത്തെ പ്രതിദിനം 2 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത് 6 കേസുകൾ വരെ എത്തി. ലൈംഗിക പീഡന പരാതികളുടെ എണ്ണമാണ് കൂടിയത്. എപ്പോൾ സംഭവിച്ചതാണെങ്കിലും പരാതിയിൽ നടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ അറിയിച്ചു.
അതേസമയം, നമ്പർ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഇന്ന് ഹാജരാകുന്നതിന് അഞ്ജലി റിമാ ദേവിന് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍, അന്വേഷണസംഘത്തിന് മുൻപാകെ ഇത് വരെയും ഹാജരായിട്ടില്ല. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ പറഞ്ഞു.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.
കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി. റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.