തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘചിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും.
ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ സുധാകരന്‍ അറിയിച്ചു. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ക്കെട്ടിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അധിക വിഭവ സമാഹരണത്തിന് ബദൽ ധനാഗമന മാർഗങ്ങൾക്കായി ക്രിയാത്മക നിർദ്ദേശങ്ങൾ കണ്ടെത്താത്ത ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്ന് കെപിസിസി വിലയിരുത്തി.
ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരുലക്ഷം രൂപയുടെ കടത്തിലാണെന്നത് കേരള സർക്കാർ മറക്കരുത്. സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയും സ്വജനപക്ഷപാതവും അഭംഗരും തുടരുന്നതിന് വേണ്ടിയാണ് സാധാരണ ജനങ്ങളെ ബലിയാടാക്കിയത്. ആഢംബര കാറുകളും വിദേശയാത്രകളും അനധികൃത നിയമനങ്ങള്‍ നടത്താനും മറ്റുമാണ് സാധാരണക്കാരെ പിഴിയുന്നത്. മാര്‍ക്സിസ്റ്റ് ഭരണത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സര്‍വ്വസാധനങ്ങള്‍ക്കും അഭൂതപൂര്‍വ്വമായ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടൊപ്പമാണ് ഇരുട്ടടിപോലെയുള്ള നികുതി വര്‍ധനവ്. ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും ഇടതുമുന്നണിയും വിസ്മരിക്കരുതെന്നും കെപിസിസി ഓര്‍മ്മിപ്പിച്ചു. ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.