ഒരു കിലോ തേയിലയ്ക്ക് ഒരു ലക്ഷം രൂപയോ എന്ന് അത്ഭുതപ്പെടേണ്ട. ഇത് അപൂർവ്വയിനത്തിൽ പെട്ട അസം തേയിലയാണ്. അസമിലെ ഗോലാഘട്ട് ജില്ലയിൽ നിന്നുള്ള അപൂർവയിനം തേയിലയായ പഭോജൻ ഗോൾഡ് തേയില കഴിഞ്ഞ ദിവസം ലേലത്തിൽ ഒരു ലക്ഷം രൂപയെന്ന റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി. ജോർഹട്ടിലെ ഒരു ലേല കേന്ദ്രത്തിൽ നിന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തേയില വിറ്റത്. അസം ആസ്ഥാനമായുള്ള തേയില ബ്രാൻഡായ ഇസാഹ് ടീയാണ് പഭോജൻ ഗോൾഡ് തേയില വാങ്ങിയത്.
അസമിലെ ഗോലാഘട്ട് ജില്ലയിൽ വളർത്തുന്ന പഭോജൻ ഗോൾഡ് തേയിലയുടെ ഏറ്റവും മികച്ച ഉത്പന്നമാണ് ലേലത്തിനെത്തിയത്. സ്വർണ നിറമാണ് ഈ തേയിലയുടെ നിറം. ഇതുപയോഗിച്ച് നിർമ്മിക്കുന്ന ചായക്ക് ഇതേ നിറം ആയിരിക്കും. അസമിൽ നിന്നുള്ള ഏറ്റവും മികച്ച തേയില തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഇസാ ടീയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബിജിത് ശർമ്മ പറഞ്ഞു.
ചായ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച അനുഭവമായിരിക്കും പഭോജൻ ഗോൾഡ് തേയില നൽകുക. നിരവധി ചായ പ്രേമികൾ ഇന്ന് ഈ ചായക്കായി കാത്തിരിക്കുന്നുണ്ട്. ലോകമെമ്പാടും നിരവധി ഉപഭോകതാക്കളാണ് ഈ ചായയ്ക്കുള്ളത്. അതിനാൽ തന്നെ വൈവിധ്യമാർന്ന ഈ രുചി നല്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ബിജിത് ശർമ്മ പറഞ്ഞു. ചരിത്രം സൃഷ്ടിച്ച ഈ ലേലത്തിലൂടെ അസം തേയില വ്യവസായത്തിന്റെ നഷ്ടപ്പെട്ട പ്രശസ്തി വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും ഇനിയും മികച്ച തേയിലകൾ ഉത്പാദിപ്പിക്കുമെന്നും പഭോജൻ ഓർഗാനിക് ടീ എസ്റ്റേറ്റ് ഉടമ രാഖി ദത്ത സൈകിയ പറഞ്ഞു.