മലപ്പുറം: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം നഗരസഭയിലെ സി.പി.എമ്മിന്‍റെ മുൻ കൗൺസിലറും മലപ്പുറം സെന്‍റ് ജെമ്മാസ് സ്കൂളിലെ റിട്ട. അധ്യാപകനുമായ കെ.വി. ശശികുമാർ പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ. രണ്ട് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ശശികുമാർ മറ്റൊരു പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായത്.
പൂർവവിദ്യാർഥിനിയുടെ പരാതിയിൽ മലപ്പുറം വനിത പൊലീസാണ് പോക്സോ ചുമത്തിയത്. പുതിയ പരാതിയിൽ വെള്ളിയാഴ്ചയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശശികുമാറിനെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലടച്ചു. ശശികുമാറിനെതിരെ പോക്സോ വകുപ്പ് പ്രകാരം എടുക്കുന്ന മൂന്നാമത്തെ കേസാണിത്. മറ്റു നാല് കേസ് പോക്സോ വരുന്നതിനുമുമ്പായതിനാൽ മറ്റുവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പുതിയ പരാതിയിയിൽ പൊലീസ് എഫ്.ഐ.ആറിൽ സംഭവം നടന്ന സ്ഥലമായ സ്കൂളിന്‍റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മുൻകേസുകളിലും പൊലീസിനെതിരെ സമാന ആരോപണമുയർന്നിരുന്നു.
അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളോടെ കൂടുതൽ പരാതികളുണ്ടായിട്ടും പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. നേരിട്ട് വന്ന പരാതികളിൽ മൊഴിയെടുത്ത് ഒഴുക്കൻ മട്ടിലായിരുന്നു പൊലീസിന്‍റെ അന്വേഷണം. ആദ്യ രണ്ട് കേസിലും പൊലീസ് അന്വേഷണം ധിറുതിയിൽ പൂർത്തീകരിച്ചത് ശശികുമാറിന് വേഗത്തിൽ ജാമ്യം ലഭിക്കാൻ സഹായകമായി. പൊലീസ് റിപ്പോർട്ട് പ്രകാരമാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിൽ ശശികുമാറിനെതിരെ ഏഴ് പരാതിയാണ് മലപ്പുറം വനിത സ്റ്റേഷനിൽ ലഭിച്ചത്. കൂടുതൽ പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്നെന്നാണ് വിവരം. വയനാട്ടിൽ ഒളിവിൽ കഴിഞ്ഞ ശശികുമാറിനെ മേയ് 13നാണ് ആദ്യ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.