ലഖ്നൗ: ഉത്തർപ്രദേശിലെ ഹർദോയിൽ സർക്കാർ സ്‌കൂളിൽ വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. കുട്ടിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. ഹർദോയിയിലെ പൊഖാരി പ്രൈമറി സ്‌കൂളിലാണ് സംഭവം. ഊർമിള സിംഗ് എന്ന അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. ക്ലാസ് മുറിയിൽ ഇരിക്കുന്ന അധ്യാപിക വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നത് വീഡിയോയിൽ കാണാം. മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ചാണ് വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിച്ചത്. ഈ സമയം അധ്യാപിക വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം.
ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ആണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്. ട്വിറ്ററിലും മറ്റ് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലും വീഡിയോ വ്യാപകമായി പ്രചരിച്ചു. പ്രഥമദൃഷ്ട്യാ അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും നടപടികൾ ആരംഭിക്കുകയും ചെയ്തെന്ന് അധികൃതർ വിശദീകരിച്ചു. അതിനിടെ, മറ്റൊരു വീഡിയോയും പ്രചരിച്ചു. ഉന്നാവോ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകൻ പാഠപുസ്തകത്തിലെ ഏതാനും വരികൾ പോലും വായിക്കുന്നതിൽ പരാജയപ്പെടുന്ന വീഡിയോയാണ് വൈറലായത്.